കോഴിക്കോട്: മുജാഹിദ് പ്രസ്ഥാനം നാളിതുവരെ പുലര്‍ത്തിപ്പോന്ന ആശയാദര്‍ശങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ ആരെയും അനുവദിക്കില്ലെന്ന് കേരള നദ്വത്തുല്‍ മുജാഹിദീന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി അബ്ദുല്ലക്കോയ മദനി പ്രസ്താവിച്ചു. ‘തൌഹീദ് വിശുദ്ധിക്ക് വിമോചനത്തിന്’ കാമ്പയിന്റെ ഭാഗമായി നടന്ന സ്പെഷ്യല്‍ കണ്‍വെന്‍ഷനില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. മുജാഹിദ് പ്രസ്ഥാനത്തിന്റെ ആദര്‍ശം വളരെ വ്യക്തമാണ്. വിശുദ്ധ ഖുര്‍ആനിനും നബി ചര്യക്കുമെതിരെ ഏത് ഭാഗത്തുനിന്ന് ശബ്ദമുയര്‍ന്നാലും പ്രസ്ഥാനം നോക്കിനില്‍ക്കില്ല. ആശയാദര്‍ശങ്ങളില്‍ വെള്ളംചേര്‍ക്കാന്‍ ശ്രമിച്ച എത്ര ഉന്നതരെയം പ്രസ്ഥാനം പുറംതള്ളിയിട്ടുണ്ട്. അബ്ദുല്ലക്കോയ മദനി പറഞ്ഞു.
സംഘടനാപരവും ആദര്‍ശപരവുമായ നീക്കങ്ങളുടെ പേരില്‍ പുറത്തുപോകേണ്ടി വന്നവര്‍ മുജാഹിദ് പ്രസ്ഥാനത്തിലെ ഐക്യത്തെ കുറിച്ച് അഭിപ്രായം പറയുന്നത് നിര്‍ഭാഗ്യകരമാണ്. മഹല്ലുകള്‍ തോറും കുഴപ്പവും ചിദ്രതയും ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ തന്നെ ഐക്യത്തിന് ആഹ്വാനം ചെയ്യുന്നത് വിരോധാഭാസമാണ്. സംഘടനാപ്രവര്‍ത്തനങ്ങള്‍ക്ക് സമാന്തരമായി മറ്റുപരിപാടികള്‍ സംഘടിപ്പിച്ചും ആദര്‍ശത്തെയും നേതൃത്വത്തെയും വിമര്‍ശിച്ചും പരിഹസിച്ചും നടക്കുന്നവരുടെ ഐക്യാഹ്വാനത്തെ പൊതുജനം തള്ളിക്കളയും. ഉന്നതമായ നേതൃത്വവും സംഘടനാശേഷിയുമുള്ള കേരളത്തിലെ പാരമ്പര്യം ചെന്ന പ്രസ്ഥാനമാണ് കെ.എന്‍.എം. വിഘടന വാദികള്‍ക്ക് പ്രോത്സാഹനം നല്‍കുന്നത് ശത്രുക്കളുടെ എക്കാലത്തെയും നയമാണ്. ഏറ്റവും നന്നായി പ്രവര്‍ത്തിക്കുന്ന പ്രബോധക സംഘത്തെ നശിപ്പിക്കുകയാണ് ഇത്തരക്കാര്‍ക്ക് പിന്തുണ നല്‍കുന്നവര്‍ ചെയ്യുന്നത്. അബ്ദുല്ലക്കോയ മദനി കൂട്ടിച്ചേര്‍ത്തു.
കണ്‍വെന്‍ഷന്‍ കെ. എന്‍.എം ജനറല്‍ സെക്രട്ടറി എ. പി അബ്ദുല്‍ഖാദിര്‍ മൌലവി ഉദ്ഘാടനം ചെയ്തു. പി. കെ അഹമ്മദലി മദനി, എം അബ്ദുറഹിമാന്‍ സലഫി, പാലത്ത് അബ്ദുറഹിമാന്‍ മദനി, ഡോ. എം അബ്ദുല്‍ അസീസ്, പ്രഫ. എം ടി അബ്ദുസ്സമദ്, ഐ എസ് എം ജനറല്‍ സെക്രട്ടറി പി കെ സകരിയ്യാ പാലക്കാഴി, വളപ്പില്‍ അബ്ദുസ്സലാം, സി വി ആലിക്കോയ പ്രസംഗിച്ചു.
No comments:
Post a Comment